ആധുനിക അപരിചിതത്വത്തിന്റെ അനൗചിത്യം

ചിതമില്ലാത്തവൻ ജിതനാകുമ്പോൾ
അപരിചിതത്വം സുനിശ്ചിതം.
പരിചിതൻ പരാജിതനാകുമ്പോൾ
അപരിചിതത്വം ആവരണം.

ജയപരാജയങ്ങൾ എണ്ണുമീ സംസ്കാരം
എന്നുമീ അപരിചിതത്വമൂടിയാൽ മൂടി
മരവിപ്പിന്റെ മാസ്മരികതയിൽ മുക്കി
മരിച്ചവരായി, മാലോകരെ മാറ്റിടുന്നു.

ഉലകമൊരു ഗ്രാമമെന്നു ഉലകവാണിഭർ.
കിരാതമെന്നു അനുഭവസ്ഥർ. കാരണം,
ട്വിറ്ററും ഫേസ്ബുക്കും വാട്സാപ്പും പിന്നെയല്പം
ഇൻസ്റ്റാഗ്രാമുമാണീ ഗ്രാമത്തിനു കരണീയം.

അപരിചിതത്വത്തിൻ തട്ടമിട്ട ലോകത്തിൽ
പരിചിതത്വത്തിൻ മായാവലകൾ തീർത്ത്,
നവമാധ്യമങ്ങൾ കുട്ടിക്കുരങ്ങുകളെ ചുടുചോറ്
വാരിച്ചും, പൂമാലയേല്പിച്ചും കോലങ്ങളാക്കുന്നു.

അല്പം പ്രശസ്തിക്കായി അല്പം ധരിക്കാനും
പണം കിട്ടിയാൽ പിണമാകുവാനും മടിക്കാത്തവർ
അമ്മതൻ അമ്മിഞ്ഞപോലും പടമാക്കുന്നു,
പണമാക്കുന്നു, സ്വയം പിണമായി മാറുന്നു.

തിരുത്തലാവശ്യമാണിന്ന് സമൂലം.
തിരിയാതിരുന്നാൽ, തിരിയുമീ ലോകം
പിന്നൊരിക്കലും തിരിയാനാവാത്തപോൽ
തിരിച്ചറിവ് നഷ്ടമായി നിശ്ചയം.

No comments:

Post a Comment